
അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു കുതിച്ചുയര്‍ന്ന് വിപണി ഷട്ട്ഡൗണ്‍ മൂലം ജോലിപോയ പതിനായിരക്കണക്കിന് പേരെ തിരിച്ചെടുക്കാനും ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സ് എടുത്ത ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നികുതി സബ്‌സിഡി കൊടുക്കാനുമുള്ള വ്യവസ്ഥയോടെയാണ് ബില്‍ പാസായത്. ഡെമോക്രാറ്റുകളുടെ ഈ ആവശ്യങ്ങളെ ട്രംപ് ഭരണകൂടം എതിര്‍ത്തതായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഷട്ട്ഡൗണിന് വഴിവച്ചത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇതോടെ പൂര്‍ണമായി സ്തംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷ്യ സബ്‌സിഡി (സ്‌നാപ് പ്രോഗ്രാം) മുടങ്ങി. വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയുടെ സൂചകങ്ങളായ നിരവധി റിപ്പോര്‍ട്ടുകള്‍ ട്രംപ് ഭരണകൂടം പുറത്തുവിടാതെ പിടിച്ചുവച്ചതും സമ്ബദ്‌വ്യവസ്ഥയെ ഉലച്ചു. 2026ന്റെ തുടക്കംവരെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ഫണ്ടിങ് ബില്‍ ആണ് പാസായത്. ഇനി പ്രതിസന്ധി ഉണ്ടായാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതും സബ്‌സിഡികള്‍ തടയുന്നതും പോലുള്ള നടപടികള്‍ പാടില്ലെന്നും തീരുമാനമായിട്ടുണ്ട്. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതിന്റെ ആവേശത്തില്‍ യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് ഇന്നലെ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറി. 0.68% ഉയര്‍ന്ന് 48,254ല്‍ ആണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.