
തിരുവനന്തപുരം: ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് അവിടെ നിന്നും മാറ്റാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീരേഖയുമായി ഓഫീസിന്റെ പേരിൽ നിലനിന്നിരുന്ന തർക്കങ്ങളെത്തുടർന്നാണ് ഈ നടപടി. മണ്ഡലത്തിലെ മരുതംകുഴിയിലേക്കാണ് ഓഫീസ് മാറ്റുന്നത്. ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എം.എൽ.എ ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ. ശ്രീരേഖ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം വി.കെ. പ്രശാന്ത് നിരസിച്ചതോടെ ഓഫീസ് സംബന്ധിച്ച തർക്കം ഒരു രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു.