
നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണവും കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതും തുടരുമെന്നും മന്ത്രി വി ശിവൻകുട്ടി. നേമം താലൂക്കാശുപത്രിയിലെ പുതിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പലരും വളരെ ദൂരയാത്ര ചെയ്താണ് ഡയാലിസിസ് ചെയ്യുന്നത്. പുതിയ സൗകര്യം യാത്രാക്ലേശം ഒഴിവാക്കി, കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കും. അത്യാഹിതങ്ങളിൽ രോഗികൾക്ക് ഉടൻ വിദഗ്ദ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം താലൂക്കാശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിന് എട്ടുകോടി രൂപ ഉപയോഗിച്ചാണ് കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് നിർമ്മിക്കുന്നത്. നേമം താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ പൊന്നുമംഗലം വാർഡ് കൗൺസിലർ ആർ ഗോപൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, നാഷണൽ ഹെൽത്ത് മിഷൻ വിപിഎം അരുൺ എസ് തുടങ്ങിയവർ സംസാരിച്ചു.