
പാർട്ടി സ്ഥാപകനും നടനുമായ വിജയ്യെ 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേർക്കുനേർ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. കരൂരിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു കൊണ്ടാണ് വിജയ് യോഗത്തിൽ സംസാരിച്ചത്. തെറ്റായ വിവരങ്ങളും പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. സത്യത്തിന്റെയും നിയമത്തിന്റെയും ഭാഗത്തു നിന്നുകൊണ്ട് എല്ലാം അതിജീവിക്കും. കോയമ്പത്തൂരിൽ കോളജ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെ വിജയ് അപലപിച്ചു. തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നിരിക്കുകയാണ്. എവിടെയാണ് കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉറക്കത്തിൽ നിന്ന് എന്ന് ഉണരുമെന്നും വിജയ് ചോദിച്ചു. കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്.