desiyavartha@gmail.com

ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ), സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു

28-11-2025


തിരുവനന്തപുരം(26/11/25): ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററിൻ്റെ (എച്ച്എസ്എഫ്സി) സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ, സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ) ദി സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി ബയോആസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പിഡിഎഫ്) കോഴ്സിൻ്റെ പ്രഖ്യാപനവും നടന്നു. ഇതോടെ ഹ്യൂമൻ സ്പെയ്സ് മെഡിസിൻ മേഖലയിൽ ബയോആസ്ട്രോനോടിക്സ് കോഴ്സ് ആരംഭിക്കുന്ന ഭാരതത്തിലെ ആദ്യസ്ഥാപനമായി മാറിയിരിക്കുകയാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതികൾക്ക് പിന്തുണ നൽകുന്നതിലും ബയോ മെഡിക്കല്‍ മേഖലയിലെ കണ്ടുപിടുത്തങ്ങൾക്ക് ശക്തിപകരുന്നതിലും ശ്രീചിത്രയ്ക്കുള്ള അർപ്പണബോധം വിളിച്ചോതുന്നതായിരുന്നു ചടങ്ങ്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഇന്ത്യൻ സ്പെയ്സ് റിസർച്ച് പ്രോഗ്രാം: ദി മൈൽസ്റ്റോൺസ് ആന്റ് ദി ഫ്യൂച്ചർ എന്ന വിഷയത്തിൽ കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറിയും, സ്പേസ് കമ്മീഷൻ ചെയർമാനും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി. നാരായണൻ പ്രഭാഷണം നടത്തി. ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്റർ ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ്, പ്രമുഖ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ശ്രീചിത്ര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പുതുതായി ആരംഭിച്ചിരിക്കുന്ന സംവിധാനങ്ങൾ അത്യന്താധുനികമാണെന്നും ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ശാസ്ത്ര- സാങ്കേതിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്നും ഡോ. വി. നാരായണൻ പറഞ്ഞു. ഐഎസ്ആർഒ-യും ശ്രീചിത്രയും ഒപ്പിട്ട ധാരാണാപത്രത്തെ കുറിച്ച് പരാമർശിച്ച അദ്ദേഹം കാര്യങ്ങൾ ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ഇരുസ്ഥാപനങ്ങളെ സംബന്ധിച്ചും 2025 ഏപ്രിൽ 25 ചരിത്രനിമിഷമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ശ്രീചിത്രയിലെ ഡോക്ടർമാരുടെയും ഗവേഷകരുടെയും അർപ്പണമനോഭാവത്തെയും ശാസ്ത്ര സംഭാവനകളെയും പുകഴ്ത്തിയ അദ്ദേഹം അടുത്ത 22 വർഷത്തിൽ വൈദ്യശാസ്ത്ര മേഖലയിൽ കുറഞ്ഞത് 5 ലോക റിക്കോഡുകൾ ലക്ഷ്യംവയ്ക്കണമെന്ന് ശ്രീ ചിത്രയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തെയും അതിൻ്റെ ഗുണഫലങ്ങളെയും കുറിച്ച് പറഞ്ഞ അദ്ദേഹം എല്ലാ മനുഷ്യരുടെയും ആയുർദൈർഘ്യം വർദ്ധിപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ശ്രീചിത്രയ്ക്ക് ഐഎസ്ആർഒ എല്ലാവിധ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ ഗഗന്യാൻ പദ്ധതിക്ക് ഊർജ്ജം പകരുന്നതിനായി ശ്രീചിത്രയും ഐഎസ്ആർഒ-യും ഒപ്പിട്ട പ്രാരംഭ ധാരണാപത്രത്തിൻ്റെ ആദ്യഫലമാണ് സെൻ്റർ ഫോർ മെഡിസിൻ ആൻ്റ് റിസർച്ച്, സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബ്, ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ. ശ്രീചിത്രയുമായുള്ള ധാരാണാപത്രം ഒപ്പിട്ട ദിവസം ഓർത്തെടുത്ത ഡോ. ദിനേശ് കുമാർ സിങ്, ശ്രീചിത്രയ്ക്ക് ഈ രംഗത്ത് കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയുമെന്ന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി. ഭാരതത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചിരിക്കുന്ന ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ശ്രീചിത്രയുടെ വലിയ നേട്ടമാണ്. അദ്ദേഹം ശ്രീചിത്രയെ അഭിനന്ദിക്കുകയും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യങ്ങളിൽ സഹകരണം തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പുതിയ സംരംഭങ്ങളും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ- ഗവേഷണ പ്രവർത്തനങ്ങളും ശ്രീചിത്രയും ഐഎസ്ആർഒ-യും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. നൂതന ഗവേഷണം, സിമുലേഷൻ അടിസ്ഥാന പരിശീലനം, സ്പെയ്സ് മെഡിസിനിലെ ഭാവി പ്രഗത്ഭരെ വാർത്തെടുക്കൽ എന്നിവയിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതികളെ മുന്നോട്ട് നയിക്കാൻ ഇരുസ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുകയാണ് ഈ സംരംഭങ്ങൾ.


LATEST NEWS

ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ഒരുക്കങ്ങൾ പൂർത്തിയായി
പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും.