
രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ. സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലെറ്റർ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘തലൈവർ 173’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ്. നടനും സംവിധായകനും നിർമാതാവുമായ സുന്ദർ.സി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം’, എന്നാണ് പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചത്. ‘കാറ്റുപോലെ മഴപോലെ നദിപോലെ... നമുക്ക് നനയാം, ആസ്വദിക്കാം, ജീവിക്കാം!’ എന്ന അടിക്കുറിപ്പും താരം പോസ്റ്റിനൊപ്പം പങ്കുവച്ചു.